കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. പ്രസവസമയത്തുണ്ടായ വീഴ്ചയെത്തുടർന്ന് നവജാതശിശുവിന്റെ കൈ ഒടിഞ്ഞുവെന്നാണ് ബന്ധുക്കളുടെ പരാതി. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ - രാഖി ദമ്പതികളുടെ കുഞ്ഞിന്റെ കൈയാണ് ഒടിഞ്ഞത്.
ഈ മാസം ആറാം തീയതിയായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തെ തുടർന്ന് കുഞ്ഞിന്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി അറിയിച്ച് നവജാതശിശു തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിന്റെ കൈയ്ക്ക് പിന്നീട് പ്ലാസ്റ്റർ ഇട്ടെങ്കിലും തുടർചികിത്സയിൽ കടുത്ത അശ്രദ്ധയുണ്ടായെന്ന് കുടുംബം ആരോപിക്കുന്നു.
രണ്ടു ദിവസത്തിനുശേഷം വീണ്ടും പരിശോധിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അതേസമയം, സംഭവത്തിൽ ആശുപത്രി അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ വീഴ്ചയും ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് മെഡിക്കൽ കോളേജ് സൂപ്രണ്ട്.